എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരായ വൈദികരും കന്യകാ സ്ത്രീകളും ആദായ നികുതി അടയ്ക്കണമെന്ന ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹരജികൾ തള്ളി. സുപ്രിംകോടതി.കഴിഞ്ഞ 85 വർഷമായി പുരോഹിതന്മാരിൽ നിന്ന് ഒരിക്കലും നികുതി ഈടാക്കിയിട്ടില്ലെന്നും ഹരജിക്കാർ വാദിച്ചിരുന്നുവൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിന് ടിഡിഎസ് ബാധകമാകുമെന്ന് 2024 നവംബർ 7ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ സുപ്രിംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള ഒരു കൂട്ടം പുനഃപരിശോധനാ ഹർജികളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
പുനഃപരിശോധനാ ഹർജികളും അതോടൊപ്പം സമർപ്പിച്ച രേഖകളും പരിശോധിച്ചതിൽ നിന്ന്, 07.11.2024 ലെ ഉത്തരവ് പുനഃപരിശോധിക്കാൻ തക്ക ഒരു കാരണവും കണ്ടെത്താനായില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മിഷനറിമാർ സമർപ്പിച്ച(കേരളത്തിൽ നിന്നുൾപ്പെടെ) 90ലധികം ഹർജികൾ കഴിഞ്ഞ നവംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു.
ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അതിന് നികുതിയും നൽകണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ കൈമാറുന്നുവെന്നതിന് നികുതി ഈടാക്കലുമായി ബന്ധമില്ലെന്നും ചീഫ് ജസ്റ്റിസ് അന്ന് വ്യക്തമാക്കിയിരുന്നു. ദാരിദ്ര്യത്തിൽ ജീവിക്കാമെന്ന് വ്രതമെടുത്തവരാണ് വൈദികരും കന്യാസ്ത്രീകളുമെന്നും അവരുടെ ശമ്പളം രൂപതയ്ക്കും കോൺവെൻ്റുകൾക്കുമായി നൽകുകയാണ് ചെയ്യുന്നതെന്നും ഹർജിക്കാർ വാദിച്ചിരുന്നു.
കഴിഞ്ഞ 85 വർഷമായി പുരോഹിതന്മാരിൽ നിന്ന് ഒരിക്കലും നികുതി ഈടാക്കിയിട്ടില്ലെന്നും ഹരജിക്കാർ വാദിച്ചിരുന്നു. എന്നാൽ ഈ വാദം ബെഞ്ച് അംഗീകരിച്ചില്ല. എയ്ഡഡ് സ്ഥാപനങ്ങൾക്ക് ശമ്പളം നൽകാൻ 5000 കോടി രൂപയാണ് സർക്കാർ മാറ്റിവെക്കുന്നത്. തൊഴിൽ ചെയ്യുകയും വരുമാനം ലഭിക്കുകയും ചെയ്യുന്നയാൾ നികുതി നൽകാൻ ബാധ്യതയുണ്ട്. ലഭിക്കുന്ന ശമ്പളം ഒരു സ്ഥാപനത്തിന് കൈമാറുന്നുവെന്നത് കൊണ്ട് വരുമാനമില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
The Supreme Court has ordered priests and nuns who are teachers in aided institutions to pay income tax