January 18, 2025
വാർത്തകൾക്ക് അപ്പുറമാണ് വസ്തുതകൾ. വിചാരണകൾക്കും അപ്പുറമാണ് വാസ്തവങ്ങൾ. വിശദീകരണങ്ങൾക്ക് അപ്പുറമാണ് യാഥാർത്ഥ്യങ്ങൾ. സംഭവങ്ങൾക്കും അപ്പുറമാണ് എല്ലാ സത്യങ്ങളും.
ഇവിടെ വർത്തുളാകൃതിയിലുള്ള വാർത്താ മൈതാനങ്ങൾക്ക് ഒത്ത നടുവിലായി വൃത്താകൃതിയിലുള്ള ഒരു നെടുംതൂണാണ് സത്യങ്ങൾ പേറുന്ന ഓരോ സംഭവങ്ങളും. അതിരുകളാലോ വേലിക്കെട്ടുകളാലോ വേർതിരിക്കാത്ത വസ്തുതകളിലേക്കെത്താൻ വാതിൽപ്പടികളോ പടിപ്പുരകളോ ആവശ്യമില്ല.എന്നാൽ ഇത്തരമൊരു മൈതാനത്തിൻ്റെ വല്ലാത്ത വേലിക്കെട്ടുകൾ കണ്ട് ഇല്ലാത്ത വാതായനങ്ങളിലൂടെ പ്രത്യേക ശൈലിയിൽ വാർത്തകളേയും സംഭവങ്ങളെയും സമീപിക്കേണ്ട ഗതികേടിലാണ് ഈ കാലത്ത് ജീവിക്കുന്നവർ ചെന്ന് പെട്ടിട്ടുള്ളത്. കാമ്പുകൾ ഉള്ളതിനെയെല്ലാം കാമ്പില്ലാതാക്കുകയും കൂമ്പില്ലാത്തിടത്തെല്ലാം കുമ്പിടുകയും ചെയ്യേണ്ടി വരുമ്പോൾ സത്യത്തിൻ്റെ കമ്പൊടിഞ്ഞു പോകുന്നു. എല്ലാം ഒരു നിമിഷം ഒരു ബിന്ദുവിൽ ആരംഭിക്കുന്ന സംഭവങ്ങളായിരിക്കെ, അത് അവഗണിച്ച്, സ്ഥാനങ്ങളെ മാറ്റുകയും മറിക്കുകയും തിരിക്കുകയും ചെയ്ത് സത്യങ്ങളെ മലക്കം മറിയാൻ പ്രേരിപ്പിക്കുകയാണ്. ഇതിനിടയിൽ ശരികളിലേക്ക് ഒരു ചുണ്ടുവിരൽ ആവശ്യമാണ്. ചുറ്റുമുള്ള എല്ലാ ബിന്ദുക്കളയും ആ ചൂണ്ടുവിരൽ കാണിച്ചു തരും. സത്യത്തെ സ്പർശിക്കാനും വാസ്തവങ്ങൾക്ക് സംവേദനം സാധ്യമാകനും വസ്തുതകൾക്ക് ഒരു കാഴ്ചയും കാഴ്ചപ്പാടും ഉണ്ടായിരിക്കണം. ആ കാഴ്ചകളുടെയും കാഴ്ചപ്പാടുകളുടെയും ബിന്ദുവിലേക്കുള്ളചൂണ്ടു വിരലും, ചെന്നെത്തുന്ന വീക്ഷണകോണുമാണ് pointviews.
"Everything we hear is an opinion, not a fact. Everything we see is a perspective, not the truth." (നാം കേൾക്കുന്നതെല്ലാം ഓരോരോ അഭിപ്രായങ്ങൾ മാത്രമാണ്. വസ്തുതകളല്ല. നമ്മൾ കാണുന്നതെല്ലാം വെറും പരിപ്രേക്ഷ്യങ്ങൾ മാത്രമാണ്, സത്യങ്ങളല്ല) എന്ന് മാർക്കസ് ഔറേലിയോസ് പറഞ്ഞു വയ്ക്കുന്നതാണ് ഇന്നത്തെ വിശകലന ലോകം.
"സത്യം വദ ധർമം ചര" എന്ന് യജുർവേദാനുയായിയായ തൈത്തീരിയോപനിഷത്ത് പഠിപ്പിച്ചു വിട്ടത് പിൻതുടർന്നാൽ
"സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന ബൈബിൾ വാകൃത്തിൻ്റെ ഗുണാനുഭവം ലഭിക്കും.
"നീതി ജലം പോലെ ഒഴുകട്ടെ, സത്യം വറ്റാത്ത നീരുറവ പോലെയും" എന്ന ബൈബിൾ വാക്യത്തിൻ്റെ കാഴ്ചപ്പാടിലെ
യാഥാർത്ഥ്യങ്ങൾ വിശകലനം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്
pointviews.