വനത്തിനുള്ളില്‍ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ റീബില്‍ഡ് കേരള ഡെവലപ്‌മെന്റ് സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി ഇനി മുതല്‍ 'നവകിരണം' എന്ന പേരില്‍ അറിയപ്പെടും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ലോഞ്ചിംഗ് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.
വനത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ മാറി താമസിക്കുന്നതു മൂലം വന്യജീവികള്‍ക്ക് ആ സ്ഥലം ഉപയുക്തമാകുമെന്നും ഇതുവഴി മനുഷ്യ-വന്യജീവി സംഘര്‍ഷം ഒരു പരിധി വരെ കുറയ്്ക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി ഇന്ന് ഉദ്ഘാടനം ചെയ്ത ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകള്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നവകിരണം പദ്ധതിയുടെ ഭാഗവത്തായ ഓരോ കുടുംബത്തിനും പുതിയ താമസ സ്ഥലത്ത് തൊഴില്‍ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ പരിശീലനം/ നൈപുണ്യ നവീകരണ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലേക്കായി ഓരോ അര്‍ഹതപ്പെട്ട കുടുംബത്തിനും തയ്യല്‍, ഡ്രൈവിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, ഹോം നേഴ്‌സിംഗ് തുടങ്ങിയ ഉപജീവന സഹായ തൊഴിലുകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
ഒരു കുടുംബത്തില്‍പ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നതിന് 25000 രൂപ വരെ വിനിയോഗിക്കുന്നതാണ്. വനാന്തരങ്ങളില്‍ ഒറ്റപ്പെട്ടു താമസിക്കുന്നവര്‍ക്കും, വന്യജീവി ആക്രമണം, പ്രകൃതി ദുരന്തം എന്നിവ നിരന്തരം അഭിമുഖീകരിക്കുന്നവര്‍ക്കും, മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭിക്കാത്തതുമായ ജനങ്ങള്‍ക്കിടയില്‍ നവകിരണം പദ്ധതി ഇതിനകം സ്വീകാര്യത നേടിയിട്ടുണ്ട്. ഓരോ അര്‍ഹതപ്പെട്ട കുടുംബത്തിനും 15 ലക്ഷം രൂപ വീതമാണ് പദ്ധതി തുകയായി നിശ്ചയിച്ചിട്ടുള്ളത്.
പദ്ധതി പ്രദേശത്ത് താമസിക്കുന്ന അപേക്ഷകര്‍ക്ക് പദ്ധതിയുടെ അംഗീകൃത മാര്‍ഗ്ഗരേഖ പ്രകാരം യൂണിറ്റിന് അര്‍ഹതയുണ്ട്. ഈ പദ്ധതിയില്‍ ഇതുവരെ 479 കുടുംബങ്ങള്‍ ഭാഗവത്തായിട്ടുണ്ട്. ഇതില്‍ 230 കുടുംബങ്ങളെ പൂര്‍ണ്ണമായും 249 കുടുംബങ്ങളെ ഭാഗികമായും പുനരധിവസിപ്പിച്ചിട്ടുണ്ട്. 53.1 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. 687 അപേക്ഷകര്‍ പരിശോധനയുടെ അവസാനഘട്ടത്തിലും 2200 അപേക്ഷകര്‍ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതുമാണ്.
വനാന്തരങ്ങളില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് നവകിരണം പദ്ധതിയുടെ ലക്ഷ്യം. ഇപ്രകാരമുള്ള പ്രദേശത്ത് താമസിക്കുന്നവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് നവകിരണം പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, നവകിരണം പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസറായ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ, പി.സി.സി.എഫ് ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
The relocation is gone, the self-employed are now the new ray.