സംസ്ഥാനത്തെ ക്വാറുകളും ക്രഷറുകളും ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കി. ഓൾ കേരള ക്വാറി ആൻഡ് ക്രഷർ കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് സമരം. സംസ്ഥാനത്തെ 630 ക്വാറികളും 1100 ക്രഷറുകളും പൂർണമായി അടച്ചിടും. സമരം നീളുന്നത് നിർമ്മാണ മേഖല പ്രതിസന്ധിയിലാകും. മഴക്കാലമെത്താൻ ആഴ്ചകൾ മാത്രം അവശേഷിക്ക് ആരംഭിച്ച സമരം പൊതുമരാമത്ത് മേഖലയെയും പ്രതികൂലമായി ബാധിക്കും. ക്വാറി ക്രഷർ ഉൽപ്പന്നങ്ങളുടെ വിലയിൽ ഇരട്ടിയിലധികം വില വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകുന്ന വിധത്തിൽ കഴിഞ്ഞ മാർച്ച് 31ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമാണ് പ്രതിസന്ധിക്ക് കാരണമായത് .ആലോചനയോ ചർച്ചയോ കൂടാതെ സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ പുതിയ നിയമങ്ങൾ അംഗീകരിക്കാൻ ആകില്ലെന്ന് പ്രഖ്യാപിച്ചാണ് ഉടമസ്ഥ സംഘങ്ങളുടെ കോഡിനേഷൻ കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത് വന്നത്. വിജ്ഞാപനം പിൻവലിക്കുകയോ ചർച്ച നടത്തി പരിഹാരം കാണുകയോ ചെയ്യണമെന്നും അല്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങും എന്നും കോഡിനേഷൻ കമ്മിറ്റിയുടെ യോഗം സർക്കാരിനെ അറിയിച്ചിരുന്നു.വിജ്ഞാപനത്തിന്റെ ഫലമായി ഉണ്ടായ സാമ്പത്തിക ഭാരം കുറയ്ക്കാൻ കഴിഞ്ഞ അഞ്ചു മുതൽ ക്വാറി ക്രഷർ ഉൽപ്പന്നങ്ങളുടെ വിലയിൽ 50 ശതമാനം വരെ വില വർധിപ്പിക്കാനും കോഡിനേഷൻ കമ്മിറ്റി തീരുമാനിക്കുകയും ചെറിയ വ്യത്യാസങ്ങളുടെ വില വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും ക്വാറി ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം തടയുകയും സമരം ആരംഭിക്കുകയും ചെയ്തതോടെ ദിവസങ്ങളായി യൂണിറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. ക്വാറി ക്രഷർ ഉടമകൾ സർക്കാരിന് നൽകേണ്ട റോയൽറ്റി തുക ഇരട്ടിയായി വർധിപ്പിക്കുന്നതാണ് സർക്കാർ വിജ്ഞാപനം. സെക്യൂരിറ്റി ഫീസ് ഇനത്തിൽ 400 ശതമാനം വർദ്ധനവ് ഉണ്ട്. പിഴകൾ 25,000 രൂപയിൽ നിന്ന് 5 ലക്ഷം ആക്കി. അമിതഖന നത്തിന്റെ റോയൽറ്റി 333 ശതമാനം വർദ്ധന വരുത്തി പെർമിറ്റ് കാലാവധി മൂന്ന് വർഷമായി കുറക്കുകയും ക്രഷർ ഡീലർ വിലയിൽ ക്യൂബിക്ക് അടിക്ക് സർക്കാറിന് നൽകിയിരുന്ന ഫീസ് 100% വർദ്ധിപ്പിക്കുകയും ചെയ്തു. ചില ജില്ലകളിൽ കളക്ടർമാർ സംഘടനകളുമായും വില വർദ്ധനക്കെതിരെ സമരം ചെയ്തിരുന്നവരുമായും ചർച്ചകൾ നടത്തിയെങ്കിലും താൽക്കാലിക പരിഹാരം ആയില്ല. സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം. ഭേദഗതി ചെയ്ത കെ എം എം സി നിയമങ്ങളിലെ അപാകതകൾ പരിഹരിക്കുക, പട്ടയ ഭൂമിയിലെ ഖനനത്തിനു നിയമസാധുത നൽകുക, സർക്കാർ ഭൂമിയിലെ ഖനനാ അനുമതി പുനസ്ഥാപിക്കുക, ദൂരപരിധി കേസിൽ നിലവിലുള്ള മാനദണ്ഡങ്ങൾ നിലനിർത്തുക. സുസ്ഥിരവും സുതാര്യവുമായ ഖനനത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക. എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് സമരം.
1100 crushers and 630 quarries in the state have been closed indefinitely