നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും

നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും
Jun 7, 2026 05:21 PM | By PointViews Editor

              കൊട്ടിയൂരിലേക്കുള്ള വണ്ടികളിൽ കുടുങ്ങി മലയോരം വാ പൊളിക്കുന്നു, കണ്ണ് മിഴിക്കുന്നു, ശ്വാസം മുട്ടുന്നു. അപ്പോഴും ഒരു കൂട്ടർ ആവേശം കൊള്ളുന്നു - പരിഹാരമായി നാല് വരി പാത ഉടൻ വേണം. പക്ഷെ അവർ പറയുന്ന ഈ 4 വരി പാത ഒരു പമ്പരവിഡ്ഡിത്തമായിരിക്കുമെന്നതിൻ്റെ മുന്നറിയിപ്പും തെളിവുമാണ് ഈ വർഷത്തെ വൈശാഖ ഉത്സവകാലത്തെ ഗതാഗത കുരുക്കുകൾ. മലയോരത്തിന് വേണ്ടത് ഒരു നാല് വരി പാതയല്ല, മൂന്നോ അതിലധികമോ രണ്ട് വരി പാതകളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകളും ചുരമില്ലാ പാതകളുമെന്ന് എന്ന് ഈ വികസനവാദികളും സർക്കാരും മനസ്സിലാക്കുമോ എന്തോ! സങ്കൽപ്പത്തിലുള്ള ഈ നാല് വരി പാത സൃഷ്ടിക്കുന്ന ദുരന്തം ഇന്നുള്ളതിനേക്കാൾ ഭീകരമായിരിക്കും. ആകെ ഒരു പാതയിലേക്ക് ചുരുക്കപ്പെടും. നിലവിൽ ലഭിക്കുന്ന പാർകിങ് സൗകര്യം മുതൽ പട്ടണ സൗകര്യം വരെ എല്ലാം നഷ്ടപ്പെടും, കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നാട്ടിലും കൃഷിയിടത്തിലും ഉണ്ടാകും. കാരണം ഉള്ള പട്ടണങ്ങളും വികസനവും വട്ടപ്പൂജ്യമാക്കി മാറ്റപ്പെടും. പുതിയവയ്ക്ക് നിയന്ത്രണം ഉണ്ടാകും. നിർമാണ ചിലവ് വർധിക്കും. സ്വൈര്യ ജീവിതം അസൗകര്യങ്ങൾ കൊണ്ട് നിറയും, വികസനം എത്താൻ ജനമില്ലാത്ത വിധം സമതലങ്ങൾ നശിക്കുകയും കോളനിവൽക്കരണം വരികയും കൃഷിയിടങൾ കാടായി മാറി വന്യജീവി സങ്കേതമോ ബഫർ സോണോ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ സാധ്യതകൾക്കുള്ളിൽ പെട്ടുപോകാൻ കഴിയുംവിധം സങ്കീർണ മോ ആകാൻ എളുപ്പമായിരിക്കും. മലയോരത്ത് വികസനം എത്തിക്കാൻ വയനാടിനും മട്ടന്നൂർ ഉള്ള കണ്ണൂർ വിമാനത്താവളത്തിനും ഇടയിൽ ഒരു നാലുവരി പാത ഉണ്ടാക്കണമെന്നതാണ് കുറെ ആളുകളുടെ ആവശ്യം. കേൾക്കുമ്പോൾ വലിയ വികസന സാധ്യതയൊക്കെ തോന്നുമെങ്കിലും തീർത്തും പമ്പര വിഡ്ഢിത്തമാണ് ഈ പദ്ധതിയെന്നേ പറയാൻ പറ്റു. കാരണം റോഡ് ഉണ്ടാക്കുന്നവർ തന്നെ പറയുന്നത് വയനാട്ടിൽ നിന്ന് നാലുവരിപ്പാത ഇല്ല, പകരം അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂരിലേക്ക് മാത്രമാണ് നാലുവരി നിർമ്മിക്കുന്നത് എന്നാണ്. അപ്പോൾ അമ്പായത്തോട്ടിൽ നിന്ന് വയനാട്ടിലേക്ക് നാലുവരി പാത വേണ്ടേ ? അതിന് ആവശ്യമില്ല എന്നാണ് വികസനവാദികളുടെ അഭിപ്രായം. കാരണമുണ്ട് ഇപ്പോൾ കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് പ്രവേശിക്കുന്നതിന് ഉപയോഗിക്കുന്നത് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് എന്ന ഒരു ചുരം റോഡ് ആണ്. അവിടെ അവർ പറയുന്നതുപോലെ നാല് വരി പാതയുടെ 24 മീറ്റർ പോയിട്ട് 6 മീറ്റർ വീതിയിൽ പോലും ഒരു റോഡ് നിർമ്മിക്കുക എന്നത് എളുപ്പമല്ല ,സുഗമമല്ല. ഈ റോഡിലെ ചുരത്തിൽ ഇപ്പോഴുള്ള കുറഞ്ഞ വീതി 3.8 മീറ്റർ മാത്രമാണ്. എന്ന് പറഞ്ഞാൽ കഷ്ടിച്ച് ഒരു ബസിന് ഞെങ്ങി ഞെരുങ്ങി കടന്നു പോകാം. ഒരു വശം കൊക്ക, മറുവശം എത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന തിട്ട. 6.450 കിമി നീളം വരുന്ന ഈ ചുരം റോഡിൻറെ രണ്ടര കിലോമീറ്റർ ചുറ്റളവിൽ എങ്കിലും നിർമ്മാണം ദുരിത പൂർണമായിരിക്കും. അതിനാൽ ഇവിടെ, ലഭിക്കാവുന്ന പരമാവധി വീതിയിൽ മാത്രം ഒരു റോഡ് തല്ലിക്കൂട്ടി ഉണ്ടാക്കാകുക എന്ന ഉപായമാകും പ്രയോഗിക്കുക. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിന്റെ ഭാഗമായ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ മാത്രം ഒരു 40 കിലോമീറ്റർ നീളം വരുന്ന നാലുവരിപ്പാത ഒരുക്കാനുമാണ് വികസന വാദികൾ പദ്ധതി ഉയർത്തിപ്പിടിച്ച് നടക്കുന്നത്. കയ്യിട്ടുവാരി പൊട്ടി പൊളിഞ്ഞ് നാശമായ കിഫ്ബിയിൽ നിന്ന് കടമായി വാങ്ങിയ 2000 കോടി രൂപ ഈ 40 കിലോമീറ്റർ റോഡിനായി നീക്കി വെച്ചിട്ടുണ്ടെന്നാണ് വിജയൻ്റെ സർക്കാർ പറഞ്ഞിരുന്നത്. ഒരു തട്ടിക്കൂട്ട് സംവിധാനമായ റോഡ് ഫണ്ട് ബോർഡിനെ റോഡ് നിർമ്മാണം ഏൽപ്പിച്ചിരിക്കുകയാണ്. അളവും തൂക്കവും കഴിഞ്ഞ് ഇനി ഒരു 1690 കോടി രൂപ ബാക്കിയുണ്ടെങ്കിൽ ആയി. ഇതുകൊണ്ട് വേണം 40 കിലോമീറ്റർ ദൂരത്തിലുള്ള പട്ടണങ്ങളായ പട്ടണങ്ങളും വീടുകളായ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇടിച്ചു നിരത്തി 24 മീറ്റർ വീതിയിൽ റോഡ് ഉണ്ടാക്കാൻ. കൃഷിയിടം നശിക്കുന്നതും പരിസ്ഥിതി നശിക്കുന്നതും കുടിയിറക്കപ്പെടുന്നതും എല്ലാം. മിച്ചമായി ഉള്ളയിടത്ത് 24 മീറ്ററിന് പുറത്ത് 10 മീറ്റർ വീതം ബഫർ സോൺ നിശ്ചയിക്കപ്പെടുന്നത് ഒന്നും വികസന വാദികൾക്ക് പ്രശ്നമല്ല. ഭാവിയിൽ റോഡിന് യൂസർ ഫീ വാങ്ങുന്നതും ടോൾ ഏർപ്പെടുത്തുന്നതും ഒന്നും അവരുടെ ചിന്തനീയ വിഷയം പോലും അല്ല. വികസനം എന്ന വാക്കിൻറെ അർത്ഥത്തെ ദുർവ്യാഖ്യാനം ചെയ്തു നാടിൻറെ സന്തുലിതാവസ്ഥ തകർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തും മുമ്പ് സർക്കാർ ഇടപെടുകയാണ് വേണ്ടത്.


ഇനി കാര്യത്തിലേക്ക് വരാം. വസ്തുതകൾ പരിശോധിച്ചാൽ അമ്പായത്തോട്ടിൽ നിന്ന് ആരംഭിക്കുന്ന നാലുവരിപ്പാത ഇപ്പോൾ വെറും നാലര പഞ്ചായത്തുകളിൽ ഒതുങ്ങുന്നതാണ്. കൊട്ടിയൂർ പഞ്ചായത്തിൽ ഭാഗികമായാണ് നാലുവരി പാതയുള്ളത്. പിന്നെ പിന്നെ കേളകം കണിച്ചാർ പേരാവൂർ മാലൂർ പഞ്ചായത്തുകളിൽ മാത്രമാണ് പൂർണ്ണമായ അർത്ഥത്തിൽ നാലുവരിപ്പാത നിർമിക്കുക. ഇതിൽ തന്നെ മാലൂർ, പേരാവൂർ പഞ്ചായത്തുകൾക്ക് നാലു പാത ഒരാവശ്യ ഘടകം പോലും അല്ല. അവർക്ക് മട്ടന്നൂരിലേക്ക് പോകാൻ നിരവധി റോഡുകളും സൗകര്യങ്ങളും ഉണ്ട്.

അമ്പായത്തോട്ടിൽ 4 വരി പാത തുടങ്ങുന്ന ഭാഗത്ത് വന്യ ജീവി സങ്കേതത്തിനും മലയ്ക്കും ഇടയിൽ ആകെയുള്ള സമതലത്തിൻ്റെ വീതി കഷ്ടിച്ച് 48 മീറ്റർ. അതിൽ 5.5 മീറ്റർ ടാറിങ്ങ് മാത്രമുള്ള മലയോര ഹൈവേ. ബാവലി പുഴയും. ഇരുവശത്തും കച്ചവട സ്ഥാപനങ്ങൾ. 4 വരി പാതയ്ക്ക് മഞ്ഞക്കുറ്റി നാട്ടിയിട്ടുള്ളത് സമതലത്തിൽ ആകെയുള്ള ഈ 48 മീറ്റർ വീതിയെടുത്താണ് . ഈ ടൗണും ഇല്ലാതാകും സമതലവും ഇല്ലാതാകും. പരിസ്ഥിതി ലോലമോ ദുർബലമോ ആക്കി കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ കഴിയും വിധം ജനവാസ കേന്ദ്രവും പട്ടണവും അപ്രത്യക്ഷമായി കാടായി മാറാൻ സൗകര്യമാകും. ഇതാണ് 4 വരി പാത തുടങ്ങുന്ന ഭാഗത്തെ തന്നെ അവസ്ഥ. അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂരിലേക്ക് എത്തുമ്പോഴേക്കും സമതലത്തിന്റെ വിസ്തീർണവും വ്യാപ്തിയും വീതിയും വർദ്ധിക്കും. എന്നാൽ സമതലത്തിന്റെ കണ്ണായ പട്ടണങ്ങൾ ഓരോന്നോരോന്നായി ഇടിച്ചു വീഴ്ത്തപ്പെടും. അതൊക്കെ അവിടെ നിൽക്കട്ടെ ഈ നാലര പഞ്ചായത്തിൽ മാത്രം 1690 കോടി രൂപ മുടക്കി ഒരു 4 വരി റോഡ് ഉണ്ടാക്കിയിട്ട് സർക്കാരിന് എന്ത് ലാഭമാണ് ഉണ്ടാകുന്നത്? കൊട്ടിയൂർ ഉത്സവകാലത്ത് പാർക്കിംഗ് ഫീസ് മറ്റു യൂസർ ഫീസിനത്തിലും കുറച്ചു കാശ് കിട്ടിയെങ്കിൽ ആയി. അതും സർക്കാരിന് കിട്ടില്ല. അതിനുള്ള ചിലവുകൾ വേറെ കണ്ടെത്തണം എന്നത് വേറെ കാര്യം. ഈ 40 കിലോമീറ്റർ ഉള്ളിൽ പ്രതിദിനം ഒരു പുതിയ വാഹനം പോലും വാങ്ങപ്പെടുന്നില്ല. റോഡ് ടാക്സ് ഇനത്തിൽ കിട്ടാവുന്നത് വളരെ കുറച്ചു മാത്രം. പഴയതു പോലെ റോഡിൽ ഇറങ്ങി നിന്ന് വാഹനം കൈകാണിച്ചു നിർത്തി പിഴയടപ്പിച്ച് നാലു ചക്രം ഉണ്ടാക്കാമെന്ന് പോലീസ് കരുതിയാലും ഫലം ദയനീയം ആയിരിക്കും. അപ്പോൾ സർക്കാരിന് കാര്യമായി ഒന്നും കിട്ടാൻ ഇല്ലാത്ത ഒരു റോഡിന് വേണ്ടിയാണ് സംസ്ഥാന ഖജനാവിൽ നിന്ന് ആദ്യഘട്ടത്തിൽ മാത്രം 1690 കോടി രൂപ വലിച്ചെറിയേണ്ടി വരുന്നത് എന്നത് എത്ര കഷ്ടമാണ്. എന്നിട്ട് ഈ റോഡ് ഉണ്ടാക്കുന്നതോ ? നാലു പട്ടികൾക്ക് പോലും വേണ്ടാത്ത കണ്ണൂർ വിമാനത്താവളത്തിലേക്ക് എന്നതാണ് മറ്റൊരു കോമഡി . ഈ വിമാനത്താവളത്തിന്റെ ഭാവി തന്നെ ശങ്കയിലാണ്. വയനാട്ടിൽ പുതിയൊരു വിമാനത്താവളം നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. വയനാടിനെ ബ്രാൻഡ് ചെയ്യാൻ ദേശീയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി നടപ്പിലാക്കുന്ന വയനാട് പാക്കേജിന്റെ ഭാഗമായാണ് പുതിയ വിമാനത്താവളം വയനാട്ടിൽ ആസൂത്രണം ചെയ്തു വരുന്നത്. ഈ വിമാനത്താവളം കൂടി നിർമ്മിക്കപ്പെട്ടാൽ മട്ടന്നൂരിൽ ഉള്ള ചുവന്ന തുടുത്ത വിപ്ലവ വിമാനത്താവളം ഒന്നുകിൽ അംബാനിക്ക് കൊടുക്കേണ്ടി വരും അതല്ലെങ്കിൽ അദാനിക്ക് കൊടുക്കേണ്ടിവരും അതുമല്ലെങ്കിൽ അടച്ചുപൂട്ടി പന്നിവളർത്തേണ്ടി വരും എന്നതാണ് വസ്തുത. ഈ സാഹചര്യങ്ങളെയൊക്കെ മറച്ചുവെച്ചുകൊണ്ടാണ് വെറും നാലര പഞ്ചായത്തിലെ ഉൾഗ്രാമവാസികൾക്കായി നാലുവരിപ്പാത എന്ന വികസനം പിണറായി വിജയനും മുഹമ്മദ് റിയാസും പൊതുമരാമത്ത് വകുപ്പും ചേർന്ന് തലയിലെടുത്ത് വെച്ചു കൊടുത്തിട്ടുള്ളത്.


/നാലര പഞ്ചായത്തും അതിലൊരു നാല് വരിപാതയും ആഹാ/

നാലര പഞ്ചായത്തിൽ മാത്രം നാലുവരി പാത നിർമ്മിക്കുന്നതോടെ അമ്പായത്തോട്, കണ്ടപ്പുനം ,മന്ദം ചേരി, പാമ്പറപ്പാൻ, കൊട്ടിയൂർ ടൗൺ ,ചുങ്കക്കുന്ന്, മഞ്ഞളാംപുറം ,കണിച്ചാർ, മണത്തണ, തെരു, വെള്ളറവള്ളി, മാലൂർ, മട്ടന്നൂർ വരെയുള്ള ചെറുതും വലുതുമായ ഒന്നര ഡസൻ ടൗണുകളാണ് ഇല്ലാതാവുന്നത് .അവയോട് ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ സ്കൂളുകൾ തുടങ്ങി ഒരു നിര സ്ഥാപനങ്ങളും ഇല്ലാതാക്കുകയും പുനർ നിർമ്മിക്കപ്പെടേണ്ടതായും വരും. അതിന് ദീർഘകാലവും വൻ പണച്ചിലവും വരും. അതൊന്നും പരിഗണിക്കപ്പെടാതെ പരിമിതമായ സമതലത്തിലൂടെ, ഉള്ളവ കൂടി നശിപ്പിച്ച് നാടിൻറെ മുഖച്ഛായ തകർത്തു എന്ത് വികസനമാണ് ഇവർ ഭാവിക്കായി സൃഷ്ടിക്കുന്നതെന്ന് ആർക്കും അറിയില്ല. ആഘോഷമായി ഈ പദ്ധതി അവതരിപ്പിച്ച പിണറായി വിജയൻറെ പാർട്ടി സമീപകാലത്തായി ഈ വികസന പോരാട്ടത്തിൽ നിന്ന് പതിയെ വലിഞ്ഞ് അപ്രത്യക്ഷമായി കഴിഞ്ഞു. ഇപ്പോൾ നാലുവരിപ്പാത ഉടൻ ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് പോരാട്ടങ്ങൾ നയിക്കുന്നത് അത്രയും നാട്ടിലെ നാലഞ്ചു കോൺഗ്രസുകാരാണ്. ബിജെപിയും സിപിഎമ്മും കാര്യമായി ഒന്നും നാലുവരിപ്പാതയ്ക്ക് വേണ്ടി ചെയ്യാതെ പിൻവാങ്ങിയത് എന്തുകൊണ്ടാകും?


നാലുവരിപ്പാത ഒരു പമ്പര വിഡ്ഢിത്തം ആണെന്ന് ആദ്യം മുതൽ തന്നെ അഭിപ്രായം ഉണ്ടായിരുന്നു. ആ അഭിപ്രായം പറഞ്ഞവരെ പരിഹസിക്കാനും അവഹേളിക്കാനും ഒതുക്കാനും തകർക്കാനും ആണ് ആദ്യഘട്ടത്തിൽ സിപിഎമ്മും ബിജെപിയും കോൺഗ്രസും ഉൾക്കൊള്ളുന്ന റോഡ് വാദികൾ ശ്രമിച്ചത്. അതോടെ വിവരമുള്ള നാലുവരിപ്പാത വിരുദ്ധർ ഒതുങ്ങി. ജനദ്രോഹികൾ എന്ന് കേൾക്കാൻ അവർക്ക് ആഗ്രഹം ഉണ്ടാകില്ലല്ലോ. അതോടെ വിഡ്ഢിത്തം വികസനം ആക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ അമിതാവേശത്തോടെ മുന്നേറി. അതിനിടയിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ ചുമന്നുകൊണ്ട് നടന്ന പിണറായി പാർട്ടിയും മെല്ലെ വലിഞ്ഞത്. അല്ലെങ്കിൽ തന്നെ വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് നിർമ്മിക്കുന്ന നാലുവരിപ്പാതയിൽ നേരെ ചൊവ്വേ ഒരു ലോറിക്ക് ചുരം ഇറങ്ങാനോ കയറാനോ പോലും പറ്റില്ല എന്നിരിക്കെ 4 വരിപ്പാത ഒരു വിഡ്ഢിത്ത റോഡാകുമെന്നും പാരയാകും എന്ന് ബിജെപിക്കും സിപിഎമ്മിനും തോന്നിയതിൽ കുറ്റം പറയാൻ ആകില്ല. അതിനെയൊക്കെ അതിജീവിച്ച് 4 വരി പാതയിലൂടെ അസാധാരണ വികസനം അതിവേഗം ഉടൻ എത്തിക്കാൻ വേണ്ടി ഏതാനും കോൺഗ്രസുകാർ നടത്തുന്ന ശ്രമത്തെ അഭിനന്ദിച്ചേ മതിയാകു. സത്യത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്ന വനം പരിസ്ഥിതി വകുപ്പിനും മുഴുത്ത സംഖ്യ അമുക്കി പോക്കറ്റ് നിറക്കണം എന്ന് ആഗ്രഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്കും വേണ്ടി രൂപകല്പന ചെയ്ത ഈ നാലുവരി പാത നാടിന് ഒരു ഗുണവും ചെയ്യില്ലെന്ന് മനസ്സിലാക്കാൻ ഒരുപാട് ബുദ്ധി ഒന്നും ആവശ്യമില്ല.


വയനാട്ടിൽ നിന്നും തിരിച്ചു കണ്ണൂരിൽ നിന്നും പരസ്പരം ബന്ധപ്പെടാൻ വേണ്ടിയിട്ടാണല്ലോ നാലുവരിപ്പാത എന്ന സാങ്കല്പികവുമായി പലരും രംഗത്തെത്തിയത്. എന്നാൽ വയനാട്ടിൽ ആർക്കും നാലുവരിപ്പാത വേണ്ട. അവർക്ക് രണ്ടു വരി പാത മതിയെന്നും അത് മലയോര ഹൈവേ ആയി നിർമ്മിച്ചാൽ മതിയെന്നും പണ്ടേ അവർ സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ ഏറ്റവും ഭീകരത കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിലൂടെ കടന്നുപോവുക എന്നുള്ളതാണ്. ഏതുനിമിഷവും കല്ലോ മരമോ തലയിൽ വീഴാം എന്ന അവസ്ഥയിലാണ് ആ റോഡ് ഉള്ളത്. വീതി വളരെക്കുറവ്. അപകട സാധ്യത 100 നു 200 ശതമാനം എന്നതുപോലെയാണ് കാര്യങ്ങൾ. റോഡിൽ കല്ല് വീഴാൻ സാധ്യതയുണ്ട് സൂക്ഷിച്ചു പോവുക എന്ന് എഴുതി തലയോട്ടി ചിഹ്നം പതിപ്പിച്ച ഒരു റോഡിലൂടെയാണ് വയനാടും കണ്ണൂരും തമ്മിൽ ബന്ധപ്പെടേണ്ടത് എന്നതാണ് നിർബന്ധിതചട്ടം . മറ്റൊരു റോഡും വയനാട്ടിലേക്ക് ഉണ്ടാവരുത് എന്നൊരു ധ്വനി കൂടെ ഇതിനിടയിലൂടെ ഒഴുകി എത്താറുണ്ട്. ഇനി അഥവാ നാലുവരിപ്പാത ഉണ്ടാക്കണം എന്ന് വെച്ചാൽ തന്നെ വയനാട് മുതൽ കണ്ണൂർ വരെ അതുണ്ടാക്കാൻ കഴിയുന്ന പകരം സാധ്യതയും സംവിധാനവും ഒക്കെ ഉണ്ടെങ്കിലും അതൊന്നും പരിഗണിക്കാൻ നാലുവരിപ്പാത വികസന വാദികളോ ഉദ്യോഗസ്ഥരോ സമ്മതിക്കില്ല. വയനാടിനെയും കണ്ണൂരിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ചുരം ഇല്ലാ പാത ഉണ്ട്. നാല് പതിറ്റാണ്ട് മുമ്പ് ആ പാത നിർമ്മിക്കുകയും വാഹനങ്ങൾ ഓടുകയും ഒക്കെ ചെയ്തതാണെങ്കിലും ചില രാഷ്ട്രീയ കളികളും വനം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും മൂലം അടഞ്ഞുകിടക്കുകയാണ് ഇപ്പോൾ. കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ നാൽപ്പത്തിനാലാം മൈൽ റോഡ് എന്ന് പേരുള്ള ഈ പാതയുടെ ഭൂമി നാലു പതിറ്റാണ്ട് മുമ്പ് തന്നെ കൊട്ടിയൂർ പഞ്ചായത്തിന് ലീസിന് നൽകിയിട്ടുള്ളതാണ്. ചുരം പാതകൾ ഇടിയുകയോ തകരുകയോ ചെയ്താൽ എസ്റ്റിമേറ്റ് പ്ലാനോ ഇല്ലാതെ എത്ര തുക വേണമെങ്കിലും ചെലവ് ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാമെന്ന് നിയമമുള്ളതുകൊണ്ട് അതിൻറെ മറവിൽ കൊയ്തു കൂട്ടുന്ന ലക്ഷങ്ങളും കോടികളും ലക്ഷ്യമിട്ടാണ് ചുരമില്ലാ പാതക്കെതിരെ പലരും നിലപാട് സ്വീകരിക്കുന്നത് എന്ന ആരോപണവും പണ്ടേ നിലനിൽക്കുന്നതാണ്. 2009 ൽ മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ അച്യുതാനന്ദൻ സർക്കാർ ചുരമില്ല ബാധക്കായി 14 കോടി ബജറ്റിൽ വകയിരുത്തി എങ്കിലും അന്നത്തെ ഭരണകക്ഷിയിൽ തന്നെ പെട്ട രണ്ട് ജനപ്രതിനിധികളുടെ ഇടപെടലുകൾ മൂലം റോഡ് തുറക്കാനുള്ള സാധ്യതകൾ പോലും അടഞ്ഞു. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്താനും ശ്രമം നടന്നെങ്കിലും അതും പാതിവഴിയിൽ നിലച്ചു. 2017ൽ പേരാവൂർ മേഖലയിലെ എല്ലാ ജനപ്രതിനിധികളും കൂടി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കണ്ടു റോഡ് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധനയ്ക്കും നടപടിക്കും റിപ്പോർട്ടിനും എന്ന് കുറിച്ച് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഫയൽ കണ്ണൂരിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകി. എന്നാൽ ആ മന്ത്രിസഭ മാറിയിട്ട് പോലും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ല. അവർക്കറിയാം ചുരം ഇല്ലാതെ വന്നാൽ സ്ഥിരം കറവ നിന്ന് പോകുമെന്ന്. സ്ഥിരം കറക്കാൻ സൗകര്യമുള്ളത് കളഞ്ഞു അധികം കറക്കാൻ വയ്യാത്ത പൈയ്യിനെ എന്തിന് വളർത്തണമെന്ന് ചിന്തിക്കുന്നവരെ സമ്മതിക്കണം.


/ അകത്തേക്ക് കയറാം, പുറത്തേക്കില്ല. ഇതെന്താ എലിപ്പെട്ടിയോ ?/

മലയോരത്ത് ഏറ്റവും അധികം ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്താണ്. അങ്ങ് നെടുമ്പൊയിൽ ഇരിട്ടി പ്രദേശങ്ങൾ മുതൽ ഇങ്ങ് മാനന്തവാടി വരെ നീളുന്ന ഗതാഗത കുരുക്കുകൾ വരെ രൂപപ്പെടാറുള്ളത് ഈ ഉത്സവ കാലത്താണ്. അകത്തേക്ക് വരാൻ ഒരു റോഡും പുറത്തേക്ക് കടക്കാൻ നേരേ ചൊവ്വേഒരു റോഡ് പോലും ഇല്ലാത്ത പ്രദേശത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വാഹനങ്ങൾ വന്നെത്തുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പുറത്തേക്ക് കടക്കാൻ വഴികൾ ഉണ്ടെങ്കിലും അവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ല എന്നുള്ളതും പാർക്ക് ചെയ്യാൻ ആവശ്യമായത്ര ഭൂമി ഇല്ല എന്നുള്ളത് ആണ് ഈ ഗതാഗതക്കുരുകൾക്കെല്ലാം കാരണം. അടിസ്ഥാനപരമായ ഈ വസ്തുത വേണ്ടവിധം പരിശോധിക്കാതെ തോന്നിയപോലെ വികസന പദ്ധതികളും മാസ്റ്റർ പ്ലാനുകളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പലരും . നൂറുകണക്കിന് മാസ്റ്റർ പ്ലാനുകൾ ആണ് പലർ ചേർന്ന് പലപ്പോഴായി ഉണ്ടാക്കിയിട്ടുള്ളത്. അതിൽ ലളിതവും സുഗമവുമായ പ്ലാനുകൾ ഒന്നും അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എതിർക്കപ്പെടുകയും പ്ലാനുകളെല്ലാം ഒരു നാലുവരിപ്പാതയിലും അതിൻറെ ചുറ്റിലും എന്നോ ഉണ്ടാകാൻ സാധ്യതയുള്ള വികസനത്തെ കുറിച്ചും മാത്രമായി ചുരുങ്ങി. മലയോരത്തിന്റെ ഭൂപ്രകൃതിയെ പറ്റിയോ വികസന സാധ്യതയെ പറ്റിയോ ടൗൺ പ്ലാനിങ്ങിന്റെ സാധ്യതകളെക്കുറിച്ച് ഒന്നും ചിന്തിക്കാതെ കുറെ മാസ്റ്റർ പ്ലാൻ രോഗികൾ കാര്യങ്ങൾ നിശ്ചയിച്ചതാണ് പ്രശ്നങ്ങൾക്കെല്ലാം ഒരു കാരണം. യഥാർത്ഥത്തിൽ കൊട്ടിയൂരിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ വീതി 12 മീറ്റർ ആണ്. എന്നാൽ ടാറിങ്ങിന്റെ ആകെ വീതി 5.5 മീറ്റർ മാത്രവും. ഫുട്പാത്തും ഡ്രൈനേജും ഉണ്ടാക്കേണ്ട ഭാഗമെല്ലാം കുറ്റിക്കാട് പിടിച്ചു കിടക്കുകയാണ്. കാൽനട യാത്രയ്ക്ക് ആരെങ്കിലും മുതിർന്നാൽ പാമ്പുകടിയേറ്റ് മരിക്കാനും കുഴിയിൽ വീണ് ചാകാനും വരെ വിധി ഉണ്ടാകും. 9 മീറ്റർ വീതിയിൽ ടാറിങ്ങും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്ത് വിത്ത് ഡ്രൈനേജ് ആണ് ബാക്കി മലയോര ഹൈവേയിൽ ഒക്കെ ഉള്ളതെങ്കിലും 250ലധികം ബസ് സർവീസുകൾ ഉള്ള ആയിരക്കണക്കിന് വാഹനങ്ങൾ രാപകലില്ലാതെ കടന്നുപോകുന്ന കൊട്ടിയൂർ ഹൈവേയിൽ മാത്രം ടാറിങ്ങിന്റെ വീതി വെറും 5.5 മീറ്റർ മാത്രമാക്കി നിശ്ചയിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ബുദ്ധിയെ നടുവിരൽ കൊണ്ട് മാത്രമല്ല അടുത്തു നിൽക്കുന്നവന്റെ നടുവിരൽ കൊണ്ട് കൂടി നമസ്കരിച്ചേ മതിയാകു.


ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് കൊട്ടിയൂർ ഹൈവേ നിർമിക്കുന്നത്. റോഡ് വികസിപ്പിക്കേണ്ടത് പിന്നീട് വന്ന സർക്കാരിൻറെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ നേരെ ചൊവ്വേ കുഴിയടക്കാൻ വേണ്ടി വരെ മാധ്യമങ്ങൾ യുദ്ധം ചെയ്യേണ്ടി വന്നു എന്ന് മാത്രമല്ല നാട്ടുകാർ സമരവുമായി റോഡിൽ ഇറങ്ങേണ്ടതായും വന്നു. നിഷ്കർഷിക്കപ്പെട്ട രീതിയിൽ ടാറിങ് നടത്തുന്നതിനെ പറ്റി പത്തുകൊല്ലം കുത്തിയിരുന്ന ശേഷം പോകുന്ന നേരത്ത് പോലും പിണറായി സർക്കാർ ചിന്തിക്കാൻ തയ്യാറായില്ല. നാലുവരിപ്പാത എന്ന കടിച്ചാൽ പൊട്ടാത്ത എല്ലും കഷണം നാട്ടുകാരുടെ അണ്ണാക്കിലേക്ക് തിരിക്ക കേറ്റുകയും, അതു വരും എന്നതിനാൽ മറ്റൊന്നും വേണ്ട എന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് ഈ വർഷവും തുടരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് കാരണം.


ഒരു നാലുവരി പാതയ്ക്ക് പകരം രണ്ടോ മൂന്നോ രണ്ടുവരി പാതകൾ ആണ് മലയോരത്തിനും പ്രത്യേകിച്ച് കൊട്ടിയൂരിനും ആവശ്യം. നിലവിലുള്ള മലയോര ഹൈവേ 12 മീറ്റർ പൂർണമായി നിർമ്മിക്കുകയും ഇതിനു സമാന്തരമായി ബാവലി പുഴയുടെ മറു കരയിലൂടെ പോകുന്ന സമാന്തരപാതയെ 12 മീറ്റർ വീതിയിലേക്ക് ഉയർത്തുകയും ചെയ്താൽ ഒരു വർഷം കൊണ്ട് 70% ഗതാഗത പ്രശ്നങ്ങളും അവസാനിക്കും. ഈ രണ്ടു റോഡുകൾക്കിടയിലും ഉള്ള പഞ്ചായത്ത് റോഡുകൾ കൂടി വികസിപ്പിക്കുകയും മലയോര ഹൈവേയും സമാന്തരപാതയും തമ്മിൽ ലിങ്ക് റോഡുകൾ രൂപപ്പെടുത്തുകയും ചെയ്താൽ പാർക്കിങ്ങിനു പറ്റിയ ധാരാളം സ്ഥലവും വാഹനങ്ങൾ സുഗമമായി വരാനും പോകുവാനുമുള്ള സൗകര്യവും ഒരേസമയം ലഭ്യമാകും. കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരത്തുനിന്ന് മലയോരത്തുകൂടി ആരംഭിച്ചു പറങ്കിമല, മേമല, നെല്ലിയോട്, ചപ്പമല, കരിമ്പുംകണ്ടം, പൊട്ടൻതോട്, വെള്ളൂന്നി, രാജമുടി, കൊളക്കാട് വരെയുള്ള പ്രദേശത്ത്, വനാതിർത്തിക്കും കൃഷിയിടങ്ങൾക്കും ഇടയിലൂടെ ഒരു എട്ടു മീറ്റർ വീതിയുള്ള പാതയോ സാധ്യമെങ്കിൽ 12 മീറ്റർ വീതിയുള്ള പാതയോ നിർമ്മിച്ചാൽ ഉൾ ഗ്രാമങ്ങളിലേക്ക് വികസനം എത്തുകയും ഗതാഗതക്കുരുക്ക് കുറയുകയും വന്യമൃഗ ശല്യം നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും. ഈ റോഡ്, മലയോര ഹൈവേ, സമാന്തര പാത എന്നിവയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൾ കൂടി നിർമ്മിക്കുകയും ചെയ്താൽ കുറഞ്ഞത് ഒരു മൂന്നു നൂറ്റാണ്ട് കാലത്തേക്ക് എങ്കിലും ഗതാഗതക്കുരുക്കുകൾ ഉണ്ടാവാതെയും പാർക്കിംഗ് സൗകര്യമുണ്ടായും വികസനം പെട്ടെന്ന് നാട്ടിലെത്തിക്കാൻ കഴിയും. ടൂറിസം പദ്ധതികളും ഹോം സ്റ്റേകളും ചെറുകിട വ്യവസായങ്ങളും തോട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെയായി ജനത്തിന് വരുമാനവും നാടിനു വികസനവും യാത്രകൾ സുഖകരവും ആകും. ഇതിനെല്ലാം കൂടി ഒരു നാലുവരിപ്പാത നിർമ്മിക്കുന്ന പണത്തിന്റെ ചെലവ് വരില്ല. പിന്നോക്ക പ്രദേശങ്ങളിൽ റോഡ് എത്തുന്നതിന് സൗജന്യമായി ഭൂമി വിട്ടുതരാൻ ജനങ്ങൾ തയ്യാറാകും. നിർമ്മാണ ചെലവ് മാത്രം മുടക്കിയാൽ മതിയാകും. 12 മീറ്റർ വീതിയുള്ള 3 റോഡുകൾക്ക് കുറഞ്ഞ ചെലവിൽ ഇല്ലാതാക്കാവുന്ന തടസ്സങ്ങളാണ് ഒരു നാലുവരിപ്പാത നിർമ്മിക്കാൻ വേണ്ടി വികസന വാദികൾ നിലനിർത്തുന്നത് എന്നതാണ് ഏറ്റവും വലിയ കോമഡി .


/വികസനമെന്ന വാക്കിനെ തട്ടിപ്പിനുപയോഗിക്കരുത് /

മേൽപ്പറഞ്ഞ പദ്ധതി പ്രകാരം റോഡുകൾ ഉണ്ടായാൽ നിലവിലുള്ള പ്രദേശങ്ങൾക്ക് വികസനവും ടൗൺഷിപ്പുകൾ ഉയർന്ന നിലവാരം ഉള്ളത് ആകാൻ സാധിക്കും. ഇതിനൊക്കെ പുറമേ മലയോര ഹൈവേയിൽ നിന്ന് വയനാട് ജില്ലയിലേക്ക് ബന്ധപ്പെടുന്ന കൊട്ടിയൂർ ചപ്പമല 37-ാം മൈൽ റോഡ്, കണ്ടപ്പുനം നെല്ലിയൊടി 39-ാംമൈൽ റോഡും ചുങ്കക്കുന്ന് പൊട്ടൻതോട് കൂനംപള്ള പേര്യ റോഡും കേളകം ഏലപീടിക 29-ാംമൈൽ റോഡും നെടുമ്പൊയിൽ നെടുംപുറഞ്ചാൽ പൂളക്കുറ്റി 28-ാം മൈൽ റോഡും ഒക്കെ നിർമ്മിച്ചാൽ കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലുള്ള എല്ലാവിധ ഗതാഗത പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ഗതാഗതക്കുരുക്കുകൾ ഇല്ലാതെ ഉത്സവ കാലം മനോഹരമാവുകയും ചെയ്യും. കൊട്ടിയൂരിലെ പന്നിയമലയിൽ നിന്ന് കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിലേക്കുള്ള റോഡും കൊട്ടിയൂർ ടൗൺ, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള പാലുകാച്ചി റോഡും ശാന്തിഗിരിയിൽ നിന്ന് അടയ്ക്കാത്തോട് വളയംചാൽ വഴി കുണ്ടേരിയും കാളികയവും ഓടംതോടും മടപ്പുരച്ചാലും ഇടത്തൊട്ടിയും കഴിഞ്ഞ് മുഴക്കുന്ന് വഴിയുള്ള റോഡ് പണിതീർത്താൽ തലശ്ശേരി നീരാജ് പേട്ട സംസ്ഥാനാന്തര റോഡുമായി ബന്ധപ്പെടാനും അതുവഴി വിവിധ പ്രദേശങ്ങളിലേക്ക് സുഗമമായ യാത്ര നടത്താനും സാധിക്കും. വളരെ ലളിതവും മുടക്ക് മുതൽ കുറഞ്ഞതും എളുപ്പത്തിൽ നിർമ്മിക്കാവുന്നതും വേഗത്തിൽ സാധ്യമാക്കാവുന്നതുമായ ഇത്തരം പദ്ധതികൾ പഠിക്കുകയോ പരിശോധിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ഒരു ചുരം റോഡിനെയും ഒരു നാല് വരി പാതയെയും മാത്രം അടിസ്ഥാനമാക്കി നാടിനെ വികസിപ്പിക്കാം എന്ന് ചിന്തിക്കുന്നതിനെ ജനം തള്ളിക്കളയേണ്ട കാലം എത്തിയിരിക്കുന്നു. കുറേയേറെ മാസ്റ്റർ പ്ലാനുകളും പൊതിഞ്ഞു കെട്ടി ടെക്നോളജികൾ പരീക്ഷിച്ചു നോക്കാൻ മെനക്കെടുന്ന സമയം മതി സുന്ദരമായ റോഡുകളും അതിലൂടെ മനോഹരമായ വികസനവും സാധ്യമാകാൻ എന്ന് ഇനിയെങ്കിലും വികസന വാദികൾ തിരിച്ചറിയണം. അടുത്ത അഞ്ചു നൂറ്റാണ്ടുകൾക്ക് അപ്പുറം സ്റ്റാർ വാറുകൾ ഉണ്ടാകുന്ന കാലത്തെ വിഭാവനം ചെയ്യുന്നതിന് പകരം അടുത്ത നിമിഷം മികച്ച സൗകര്യം ഉണ്ടാക്കാൻ കഴിയുക എന്നുള്ളതാണ് വികസനമെന്ന വാക്കിൻറെ ലളിതമായ അർത്ഥം എന്ന് വികസനവാദം ഉയർത്തുന്നവർ മനസ്സിലാക്കണം. സർക്കാരും പൊതുമരാമത്ത് വകുപ്പും നാട്ടുകാരും ഏതാനും മണിക്കൂർ ഒന്നിച്ചിരുന്ന് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്താൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആവുകയും നാട് യഥാർത്ഥത്തിൽ വികസിക്കുകയും ചെയ്യും. ലളിതമായ കാഴ്ചപ്പാടുകളോടെ സമീപിച്ച് ഇപ്പോൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ അതിവേഗത്തിൽ അതിജീവിക്കാൻ ശ്രമിക്കുക. .വസ്തുതകൾ പറയുന്നവരോട് നടത്തുന്ന പല്ലിളിക്കൽ പിന്നെ പോരേ?

/ ഷിജിന സുരേഷ് /

Four-lane roads are a big deal. Kottiyoor and the hilly areas need three or more two-lane roads, ring roads, link roads, and no-passage roads

Related Stories
പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

Jun 6, 2026 03:11 PM

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

Read More >>
കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

Jun 6, 2026 10:33 AM

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ...

Read More >>
ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

Jun 6, 2026 09:38 AM

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന്...

Read More >>
കണിച്ചാർ ടൗണിൽ   ട്രാഫിക്ക് പരിഷ്ക്കരണം

Jun 5, 2026 04:05 PM

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം...

Read More >>
പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

Jun 4, 2026 06:22 AM

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന്...

Read More >>
വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക

Jun 3, 2026 02:07 PM

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത...

Read More >>
Top Stories