പേരാവൂർ : പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുത്ത് വാങ്ങാനുള്ള സൗകര്യവുമായി ലൈവ് ഫിഷ് വെൻഡിങ് സെൻ്റർ പേരാവൂരിൽ ആരംഭിച്ചു.. മത്സ്യ കർഷകർക്ക് മികച്ച വിപണന സൗകര്യം ഒരുക്കുന്നതിനും ഉപഭോക്‌താക്കൾക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ ആരംഭിക്കുന്ന സെൻ്ററാണ് പേരാവൂരിൽ തുടങ്ങിയത്.പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജീവനുള്ള മത്സ്യങ്ങളെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിനായി പേരാവൂരിലെ പുതുശേരി റോഡിൽ ആരംഭിച്ച ലൈവ് ഫിഷ് വെൻഡിങ് സെന്റർ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സെൻ്റർ ഉദ്ഘാടനം ചെയ്‌തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്‌ടർ ആർ. ജുഗ്‌നു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ബാലകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് കെ.എ.രജീഷ്, ജില്ലാ പഞ്ചായത്തംഗം നവ്യ സുരേഷ്, ഷീബ ഗോപിനാഥ്, സി.ഗോപാലൻ, കെ.കെ.അംബുജാക്ഷൻ, ടി.മുഹമ്മദ് സജീർ പ്രസംഗിച്ചു.
20 ലക്ഷം രൂപ ചെലവിലാണ് ലൈവ് ഫിഷ് വെൻഡിങ് സെൻ്റർ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ 40 ശതമാനമായ എട്ട് ലക്ഷം രൂപ ഗുണഭോക്‌താവിന് സബ്‌സിഡിയായി ലഭിക്കും. മത്സ്യ കർഷകർ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുകയും വിപണനരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം മത്സ്യത്തിന്റെ പുതുമയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ വിപണനം നടത്താനും സെന്ററിലൂടെ സാധിക്കും. മത്സ്യകർഷകർക്കും വിപണന മേഖലയിലെ തൊഴിലാളികൾക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് കൂടി പദ്ധതി സഹായകമാകും. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ സംസ്‌ഥാനത്ത് നടപ്പിലാക്കിവരുന്ന പിഎംഎംസി പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യകൃഷി വികസന പദ്ധതികൾ കണ്ണൂർ ജില്ലയിൽ നടപ്പാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 45 ബയോ ഫ്ലോക്ക് യൂണിറ്റുകൾ. 19 ഹെക്‌ടർ ഓരുജല മത്സ്യകൃഷി യൂണിറ്റുകൾ, 29 റീ സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്‌റ്റം യൂണിറ്റുകൾ, 52 ഓരുജല കൂടുകൃഷി യൂണിറ്റുകൾ. 19 ചെമ്മീൻ ബയോ ഫ്ലോക്ക് ഇൻ പോണ്ട് യൂണിറ്റുകൾ, 70 അലങ്കാര മത്സ്യകൃഷി യൂണിറ്റുകൾ. 170 കല്ലുമ്മക്കായ കൃഷി യൂണിറ്റുകൾ എന്നിവ സ്‌ഥാപിച്ചിട്ടുണ്ട്. 2020 മുതൽ 2026 വരെയുള്ള കാലയളവിൽ കണ്ണൂർ ജില്ലയ്ക്കായി 10.4 കോടിയാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചത്. വിവിധ പദ്ധതികളിലായി 434 ഗുണഭോക്‌താക്കൾക്ക് 8.19 കോടിയിലേറെ രൂപ സബ്‌സിഡിയായി വിതരണം ചെയ്തിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.
The people of Peravoor started buying the fish they caught and making curry and frying them.





















